ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാർ വ്യക്തമാക്കി. നേരത്തേ തന്നെ തീർപ്പായ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. ബിജെപി നേതാക്കൾക്കെതിരേ കേസുകൾ നിൽക്കുമ്പോഴാണ് തനിക്കെതിരായ രാഷ്ട്രീയപ്രേരിത നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവർക്ക് കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാർ പ്രതികരിച്ചു. ഇന്ത്യ മുന്നണി എൻ.ഡി.എ യെ പരാജയപ്പെടുത്താൻ പോകുകയാണ്. ബിജെപിക്ക് ഇത് മനസിലായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമന്ന് അവർക്കറിയാം. അതിനാൽ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമമുണ്ട്. ബിജെപി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയാണ്. അങ്ങനെയാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.