- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഞ്ഞുവീഴ്ച; ഹിമാചൽ പ്രദേശിലെ 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു
കുളു: കനത്ത മഞ്ഞുവീഴ്ചയിൽ ഗതാഗതം ഒട്ടും സാദ്ധ്യമല്ലാതെ വന്നതോടെ ഹിമാചൽ പ്രദേശിലെ 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടകരമായ രീതിയിൽ മഞ്ഞ് വീണ പാതകളിൽ അധികൃതർ ഗതാഗതം വിലക്കിയത്. റോഹ്തങ് പാസിലെ അടൽ ടണലിലും വലിയ തോതിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
ഉയർന്ന പ്രദേശങ്ങളിലും ഗോത്രമേഖലകളിലും മഞ്ഞു വീഴ്ച തുടരുകയാണ്. ഏപ്രിൽ നാല് വരെ ഹിമാചലിൽ സമ്മിശ്രമായ കാലാവസ്ഥയാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മൂന്ന് ദേശീയ പാതകളിൽ ഉൾപ്പെടെയാണ് ഗതാഗതം നിരോധിച്ചത്. ഷിംലയിലും പരിസര പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായതായി പ്രദേശവാസികൾ വെളിപ്പെടുത്തി.
അടൽ ടണലിന്റെ മുൻഭാഗത്തും റോഡിലും പൂർണമായി മഞ്ഞ് മൂടിക്കിടക്കുകയാണ്. ഗതാഗതം ഒട്ടും സാദ്ധ്യമല്ലാത്ത രീതിയിലാണ് മഞ്ഞുപാളികൾ അടിഞ്ഞുകിടക്കുന്നത്. റോഡിലെ മഞ്ഞുരുകി മാറിയെങ്കിലോ മഞ്ഞ് നീക്കം ചെയ്‌തെങ്കിലോ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. മഞ്ഞു വീഴ്ച രൂക്ഷമായതിനാൽ ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, ഷിംല, സോളൻ, ലാഹൗൾ-സ്പിതി എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിമാചലിൽ ലേ മണാലി ഹൈവേയിൽ 10000 അടി ഉയരത്തിലാണ് അടൽ ടണൽ. ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ട്യൂബ് ഹൈവേ ടണലാണിത്.