ഡൽഹി: ഇ.ഡിയെയും സിബിഐയെയും രാഷ്ട്രീയ ആയുധമാക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡൽഹി രാംലീല മൈതാനത്തിൽ പ്രതിപക്ഷ മഹാറാലിയിൽ സംസാരിക്കവെ ഇന്ത്യ സഖ്യത്തിന്റെ അഞ്ച് ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി സംസാരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യ അവകാശം ഉറപ്പാക്കണമെന്നതായിരുന്നു ആദ്യത്തേത്. ഇ.ഡി, സിബിഐ, ഐ.ടി എന്നീ വകുപ്പുകളെ മറ്റു പാർട്ടികൾക്കെതിരെയുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതുപോലെ ഇ.ഡി തടവിലാക്കിയ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡൽഹി മുഖ്യമ?ന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉടൻ മോചിപ്പിക്കണം. പ്രതിപക്ഷത്തെ സാമ്പത്തികമായി തളർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണം. ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി സമാഹരിച്ച ഫണ്ടിനെ കുറച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

റാലിയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി നരേന്ദ്ര മോദി മാച്ച് ഫിക്‌സിങ് നടത്തുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ, സോറന്റെ ഭാര്യ കൽപന സോറൻ, നാഷനൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.