- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽനാഥിന്റെ തട്ടകത്തിൽ കോൺഗ്രസ് മേയർ ബിജെപിയിൽ
ഭോപ്പാൽ: മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ തട്ടകത്തിൽ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. കമൽനാഥിന്റെ മകൻ നകുൽ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ഒരു കോൺഗ്രസ് മേയർ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.
ഭോപ്പാലിൽ വെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി ശർമ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി അംഗത്വമെടുക്കൽ. ചിന്ദ്വാര ജില്ലയിലെ അമർവാഡ എംഎൽഎ ആയ കമലേഷ് ഷായും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്റെയും പ്രവർത്തനങ്ങൾ, നയങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബിജെപി തങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ടെന്നും വിക്രം അഹാകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിന്റെ ചിന്ദ്വാര എംപി യായ നകുൽനാഥ് ആദിവാസി വിഭാഗത്തെ അപമാനിച്ചുവെന്നും ഇങ്ങനെയുള്ള പാർട്ടിയോടൊപ്പം നിലനിൽക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് വിക്രം അഹാകെ കോൺഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു.
കോൺഗ്രസിന് മധ്യപ്രദേശിൽ നിന്നുള്ള ഏക എംപിയാണ് ചിന്ദ്വാരയിൽ നിന്നുള്ള നകുൽനാഥ്. ഇവിടെ ഏഴ് തവണയാണ് പിതാവ് കമൽനാഥ് പ്രതിനിധീകരിച്ചത്. ഇത്തവണയും നകുൽനാഥ് തന്നെയാണ് ചിന്ദ്വാരയിൽ മത്സരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏപ്രിൽ 19 നാണ് ചിന്ദ്വാര അടക്കമുള്ള മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.