ന്യൂഡൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കി എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദാളിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനം ഷാഹിദ് സിദ്ദിഖി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ആർ.എൽ.ഡിയുടെ ദേശീയ ചെയർമാനായ ജയന്ത് ചൗധരിക്ക് എക്‌സിൽ കുറിപ്പ് പങ്കുവച്ചാണ് ഷാഹിദ് രാജിപ്രഖ്യാപനം നടത്തിയത്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു ജയന്ത് ചൗധരി എൻ.ഡി.എ യിൽ ചേർന്നത്.

താനും കുടുംബവും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരേ നിന്നവരാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കിയ സ്ഥാപനങ്ങളെ തുരങ്കം വെക്കുന്നത് നിശബ്ദമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആർ.എൽ.ഡിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ ഇന്നലെ രാജിവെച്ചു. ഞാനും കുടുംബവും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരേ നിന്നവരാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കിയ സ്ഥാപനങ്ങളെ തുരങ്കം വെക്കുന്നത് നിശബ്ദമായി കാണാനാവില്ല. ജയന്തിനും പാർട്ടിയിലെ മറ്റു സഹപ്രവർത്തകർക്കും ആശംസകൾ നേരുന്നു' ഷാഹിദ് പറഞ്ഞു.

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുക്കമാണ് ജയന്ത് ചൗധരി എൻ.ഡി.എ യിൽ ചേർന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകിയതിന് പിന്നാലെയാണ് ജയന്തിന്റെ കൂടുമാറ്റം. ആറ് വർഷം തങ്ങൾ പരസ്പര ബഹുമാനത്തോട് കൂടി പ്രവർത്തിച്ചെന്നും എന്നാൽ ബിജെപി നയിക്കുന്ന ഒരു മുന്നണിയിൽ ചേരാൻ സാധിക്കില്ലെന്നും ഷാഹിദ് പറഞ്ഞു.

ആർ.എൽ.ഡിയെഉൾപ്പെടുത്തി യുപിയിൽ ശക്തമായ മുന്നണിക്കാണ് ബിജെപി നേതൃത്വം നൽകുന്നത്.പടിഞ്ഞാറൻ യു.പി.യിലെ ജാട്ട് മേഖലകളിൽ സ്വാധീനമുള്ള പാർട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബിജെപി.യുടെ ലക്ഷ്യം. കർഷകസമരം ഈ മേഖലകളിൽ ബിജെപി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.