ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവൻ വിവി പാറ്റും കൂടി എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നിലവിൽ തിരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്‌സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വിവിപാറ്റ് എണ്ണാൻ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശത്തേയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതൽ വിവിപാറ്റ് വോട്ടുകൾ എണ്ണാൻ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താൽ മുഴുവൻ വിവി പാറ്റ് വോട്ടുകളും എണ്ണാൻ കഴിയുമെന്ന് ഹർജിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചത് പിന്നാലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ഇന്ത്യ സഖ്യം നേരത്തെ ആവശ്യം ഉയർത്തി എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പക്ഷെ വിഷയത്തിൽ ഇന്ത്യ സഖ്യത്തെ കാണുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും ജയറാം രമേശ് ആരോപിച്ചു.