സുൽത്താൻപുർ: സുൽത്താൻപുരിൽ നിന്നുതന്നെ മത്സരിക്കാൻ അവസരം നൽകിയതിന് നരേന്ദ്ര മോദിയോടും അമിത് ഷായോടും നഡ്ഡയോടും നന്ദിപറഞ്ഞ് മനേക ഗാന്ധി. ഭാരതീയ ജനതാ പാർട്ടിയിലെ അംഗമെന്നതിൽ സന്തോഷവതിയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മകൻ വരുൺ ഗാന്ധിയുടെ കാര്യം അയാളോടുതന്നെ ചോദിക്കണമെന്നും മനേക ഗാന്ധി പ്രതികരിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ പത്തുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു മനേക.

മകനും ബിജെപി. നേതാവുമായ വരുൺ ഗാന്ധിക്ക് പിലിഭിത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മനേക ഗാന്ധി വ്യക്തമായ മറുപടി നൽകിയില്ല. വരുണുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്കറിയില്ല. അയാൾ ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വരുണിനോടുതന്നെ ചോദിക്കൂ. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചർച്ച ഉണ്ടാവുകയുള്ളൂ എന്നും മനേക പറഞ്ഞു.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മനേക സുൽത്താൻപുരിൽ എത്തുന്നത്. സ്ഥാനാർത്ഥിത്വം നൽകാത്തതിനെ തുടർന്ന് വരുൺ ബിജെപിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നു.