- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതഞ്ജലിക്കെതിരായ കേസ് തുടരാൻ സുപ്രീംകോടതി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബാ രാംദേവും സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരും കോടതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇരുവരോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഏപ്രിൽ 10 ന് വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി. അടുത്ത തീയതിയിൽ ഇരുവരും ഹാജരാകണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഇരുവരും ക്ഷമ ചോദിച്ചെങ്കിലും ഹൃദയത്തിൽ നിന്നുള്ളതല്ലെന്ന് പറഞ്ഞാണ് സത്യവാങ്മൂലം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചത്. ഈ സാചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യ കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പതഞ്ജലി പുറത്തിറക്കിയ പരസ്യങ്ങൾ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.