ന്യൂഡൽഹി: വനിതാ ഫുട്ബോൾ താരങ്ങളെ ശരീരികോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ദീപക് ശർമയ്ക്ക് സസ്പെൻഷൻ. ഗോവയിൽനടന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിനിടെ മുറിയിൽ അതിക്രമിച്ചു കയറി രണ്ട് താരങ്ങളെ ശാരീരികോപദ്രവം ഏൽപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ ദീപക് ശർമയെ ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഗോവയിലെ ഫുട്ബോൾ അസോസിയേഷന്റെ പരാതിയിൽ ഗോവ പൊലീസാണ് ദീപക് ശർമയെ അറസ്റ്റുചെയ്തത്. പിന്നാലെ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ലീഗിനിടെ മദ്യപിച്ചെത്തിയ ദീപക് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന വനിതാ ഫുട്ബോൾ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. ക്ലബിന്റെ ഉടമകൂടിയായ ശർമ, താരങ്ങളുടെ മുറിയിൽ രാത്രി അതിക്രമിച്ച് കയറുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നെന്നാണ് പരാതി. മാർച്ച് 28-നായിരുന്നു സംഭവം.

വിഷയത്തിൽ അതിവേഗം നടപടിയെടുക്കാൻ കേന്ദ്ര കായികമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്.സിയിലെ രണ്ട് വനിതാ താരങ്ങളാണ് എ.ഐ.എഫ്.എഫിനും ഗോവ ഫുട്ബോൾ അസോസിയേഷനും പരാതി നൽകിയത്. ഹിമാചൽപ്രദേശ് ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറികൂടിയാണ് ഇയാൾ. ഇതോടെ സംഭവത്തിൽ അന്വേഷണം അവസാനിക്കുന്നതുവരെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ദീപക് ശർമയ്ക്ക് എ.ഐ.എഫ്.എഫ്. നിർദ്ദേശം നൽകി.