ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് മത്സരിക്കും. കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി) യാണ് വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്‌സഭാ സീറ്റിൽനിന്ന് മത്സരിക്കും. ഇന്ന് ചേർന്ന ഡി.പി.എ.പി വർക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാർട്ടിയുടെ മുഖ്യവക്താവ് സൽമാൻ നിസാമി എക്‌സിൽ കുറിച്ചു. കോൺഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്.

2014-ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉദംപുർ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ആസാദ് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യ മുന്നണിയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് മിയാൻ അൽത്താപ് അഹമ്മദ് അനന്തനാഗ്-രജൗരി മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ ഹസ്‌നൈൻ മസൂദിയാണ് നിലവിൽ മണ്ഡലത്തിലെ എംപി.