ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടി. കശ്മീരിലെ മൂന്ന് ലോക്സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കി. നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഒമർ അബ്ദുള്ള സീറ്റ് വിഭജനത്തിൽ നിസ്സഹകരണ നിലപാട് സ്വീകരിച്ചതിനാലാണ് തീരുമാനമെന്നും അവർ പറഞ്ഞു.

കശ്മീരിലെ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എൻസി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പിഡിപിയുടെ തീരുമാനം. തങ്ങൾക്ക് സ്ഥാനാർത്ഥികളെ നിർത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റൊരു സാധ്യതയും എൻസി അവശേഷിപ്പിച്ചിട്ടില്ലെന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. മറ്റൊരു മാർഗവുമില്ലാതെയാണ് ഇന്ത്യസഖ്യത്തിൽ നിന്ന് പിഡിപി പിന്മാറുന്നതെന്നും മുഫ്തി പറഞ്ഞു.

കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചൂണ്ടികാട്ടി ഐക്യത്തോടെ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ മുഫ്തി എൻസി നേതൃത്വത്തിന്റെ മനോഭാവം നിരാശാജനകവും വേദനാജനകവുമാണെന്നും വിമർശിച്ചു. അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജന കരാറിന്റെ ഭാഗമായി എൻസി ജമ്മുവിലെ രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുത്തിട്ടുണ്ട്.