മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജൽഗാവിൽ നിന്നുള്ള ബിജെപി എംപി ഉന്മേഷ് പാട്ടീൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ ചേർന്നു. ജൽഗാവ് പാർലമെന്റ് മണ്ഡലത്തിൽ പാട്ടീലിനു പകരം സ്മിത വാഗിനെയാണ് ബിജെപി നിയമിച്ചത്.

പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സബർബൻ മുംബൈയിലെ വസതിയായ 'മാതോശ്രീ'യിൽ തന്റെ അനുയായികൾക്കൊപ്പമാണ് പാട്ടീൽ സേനയിൽ ചേരാനെത്തിയത്.

പാട്ടീൽ പാർട്ടിയിൽ ചേരുന്നത് ജൽഗാവിലും വടക്കൻ മഹാരാഷ്ട്രയിലും തങ്ങളുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും വിജയത്തിലേക്കുള്ള പാത എളുപ്പമാക്കുമെന്നും ശിവസേന (യു.ബി.ടി) എംപി സഞ്ജയ് റാവുത്ത് പറഞ്ഞു.

പാട്ടീൽ കഴിഞ്ഞദിവസം റാവുത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ 48 ലോക്സഭാ സീറ്റുകളാണുള്ളത്. ഏപ്രിൽ 19 മുതൽ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.