- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശ്യ മരുന്നുകൾക്ക് വിലവർദ്ധിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ മരുന്നുകൾക്ക് വില വർദ്ധിക്കുമെന്ന പ്രചാരണം നിരാകരിച്ച് കേന്ദ്രസർക്കാർ. ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച ഈ വാർത്ത വ്യാജവും ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെ വില ഏപ്രിൽ മുതൽ 12 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രചരിച്ച വാർത്ത.
ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ വില നിർണയ അഥോറിറ്റിയാണ് മരുന്നുകളുടെ വില തീരുമാനിക്കുന്നത്. ഷെഡ്യൂൾഡ് മരുന്നുകളുടെ വില മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ വാർഷിക അവലോകനം നടത്താറുണ്ടെന്നും അത് പതിവ് നടപടികൾ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ മൊത്തവില സൂചികയിലെ വാർഷിക മാറ്റം നാമമാത്രമാണെന്നും അതുകൊണ്ടു തന്നെ വിലയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വില നിയന്ത്രണ പട്ടികയിലുള്ള 923 മരുന്നുകളിൽ 782 എണ്ണത്തിന്റെയും സീലിങ് വിലയിൽ മാറ്റമില്ല. 2025 മാർച്ച് 31 വരെ ഇതേ വിലയിൽ ഈ മരുന്നുകൾ ലഭിക്കും. ബാക്കി 54 മരുന്നുകൾക്ക് മൊത്തവില സൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ 0.01 രൂപയുടെ വ്യത്യാസം മാത്രമാണ് വരികയെന്നും മന്ത്രാലയം വിശദീകരിച്ചു. 90 മുതൽ 261 രൂപ വരെ മാത്രം വില വരുന്ന മരുന്നുകളാണിത്.
പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധ നിയന്ത്രിക്കാനുള്ള മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കുമെന്ന വാർത്തകളാണ് പ്രചരിച്ചത്. അമോക്‌സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിൻ, സെറ്റിറൈസിൻ, ഡെക്‌സമെതസോൺ, ഫ്‌ളൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നെന്നും വാർത്തകളിൽ പ്രചരിപ്പിച്ചിരുന്നു.