പട്ന: ബിഹാറിൽ കോൺഗ്രസ്-ആർജെഡി സഖ്യത്തിനൊപ്പം ജനവിധി തേടാൻ മുകേഷ് സാഹനിയുടെ പാർട്ടിയായ വികാസ്ഷീൽ ഇഹ്സാൻ പാർട്ടി (വിഐപി) മഹാസഖ്യത്തിൽ ചേർന്നു. ആർജെഡി നേതാവ് തേജസ്വി യാദവ് മുകേഷ് സാഹനിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിഐപി മത്സരിക്കും. വിഐപിയുടെ മുഴുവൻ എംഎൽഎമാരും ബിജെപിയിൽ ചേർന്നതോടെയാണ് മുകേഷ് സാഹനി എൻഡിയുമായി അകന്നത്.

ആർജെഡിയുടെ ക്വാട്ടയിൽ നിന്നാകും വിഐപിക്ക് സീറ്റുകൾ നൽകുകയെന്ന് തേജസ്വി യാദവ് അറിയിച്ചു. ഗോപാൽഗഞ്ച്, ഝഞ്ജർപുർ, മോത്തിഹാരി എന്നീ സീറ്റുകളിലാണ് വിഐപി മത്സരിക്കുക. 'ലാലു പ്രസാദ് യാദവിന്റെ ആശയങ്ങളോട് വിശ്വാസംപുലർത്തുന്നവരാണ് ഞങ്ങൾ. ബിജെപി ഞങ്ങളുടെ നേതാക്കളെ തട്ടിയെടുക്കാനും പാർട്ടിയെ ഇല്ലാതാക്കാനും ശ്രമിച്ചു' മുകേഷ് സാഹനി പറഞ്ഞു. ബിഹാർ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും ബിഹാർ നൽകുകയെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു വിഐപി. എന്നാൽ മുകേഷ് സാഹനിയടക്കം മത്സരിച്ച മൂന്ന് പാർട്ടി നേതാക്കളും പരാജയപ്പെട്ടു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ സംബന്ധിച്ച തർക്കത്തെത്തുടർന്ന് വിഐപി എൻഡിഎയിൽ ചേരുകയായിരുന്നു. നാലു സീറ്റുകളിൽ വിഐപി വിജയിച്ചു. എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ട മുകേഷ് സാഹനി നിതീഷ് കുമാർ മന്ത്രിസഭയിലും ഇടംപിടിച്ചിരുന്നു.

മുകേഷ് സാഹനിയുടെ പാർട്ടിയടക്കം ബിഹാറിൽ മഹാസഖ്യത്തിൽ ആറ് പാർട്ടികളായി. കോൺഗ്രസ്, സിപിഐ-എംഎൽ, സിപിഎം, സിപിഐ എന്നിവരും സഖ്യത്തിലുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റും ഉൾപ്പെടുന്ന സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് വിഐപി.