ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡിൽ ഏഴു പേർ അറസ്റ്റിലായി. റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്ന് സിബിഐ അറിയിച്ചു. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഏഴുപേരെ പിടികൂടിയത്്. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുട്ടികളെ കടത്തിക്കൊണ്ടു വന്ന് ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. ഒരു നവജാത ശിശുവിനായി 4 മുതൽ 6 ലക്ഷം രൂപ വരെയാണ് ഇവർ വാങ്ങുന്നത്. നവജാത ശിശുക്കളെ വാങ്ങി മറിച്ചുവിൽക്കുകയാണ് ഇവർ ചെയ്തുവരുന്നത്. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സമൂഹ മാധ്യമങ്ങൾ വഴി ആവശ്യക്കാരെന്നു പറഞ്ഞാണ് സിബിഐ സംഘം റാക്കറ്റുകളെ സമീപിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസം മാത്രം പത്ത് കുട്ടികളെയാണ് ഇവർ വിറ്റത്.