ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്‌ബു. ആരോഗ്യകാരണങ്ങളാൽ ആണ് തീരുമാനം. വാർത്താക്കുറിപ്പിലൂടെയാണ് അവർ ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചു.

2019ൽ ഡൽഹിയിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ ഖുശ്‌ബുവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചുവർഷമായി അതിന്റെ ചികിത്സകൾ തുടരുകയായിരുന്നു. എന്നാൽ, അടുത്തിടെ വേദന കൂടി. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശമനുസരിച്ച് വിശ്രമിക്കാൻ തീരുമാനിച്ചതെന്നാണ് ഖുശ്‌ബു കത്തിൽ പറയുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള അനുമതി നൽകണമെന്നാണ് ഖുശ്‌ബു നഡ്ഡയ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നത്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി താൻ ഡൽഹിയിൽ എത്തുമെന്ന ശുഭപ്രതീക്ഷയും ഖുശ്‌ബു നഡ്ഡയ്ക്കയച്ച കത്തിൽ പങ്കുവെച്ചിട്ടുണ്ട്.

ബിജെപിയിൽ ചേർന്നതിന് പിന്നാലെ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ തൗസൻഡ് ലൈറ്റ്സിൽ പാർട്ടി ഖുശ്‌ബുവിന് സീറ്റ് നൽകിയിരുന്നു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ബിജെപിയുടെ ചെന്നൈയിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങളിൽ ഖുശ്‌ബു പങ്കെടുത്തിരുന്നില്ല. എന്നാൽ, പിന്നീട് പ്രധാനപ്പെട്ട ചിലയിടങ്ങളിൽ പ്രചാരണത്തിന് ഇറങ്ങി. അതിനുപിന്നാലെയാണ് ഇപ്പോൾ പൂർണമായും പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് മാറുന്നതായി അവർ അറിയിച്ചിരിക്കുന്നത്.