ശ്രീനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ജനവിധി തേടും. ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നാണ് അവർ ജനവിധി തേടുക. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് എതിരാളി.

ശ്രീനഗർ, ബാരാമുള്ള മണ്ഡലങ്ങളിൽനിന്നുള്ള സ്ഥാനാർത്ഥികളെയും പി.ഡി.പി. പ്രഖ്യാപിച്ചിട്ടുണ്ട്. വഹീദ് പരാ, ഫയാസ് മിർ എന്നിവരാണ് യഥാക്രമം ഇരു മണ്ഡലങ്ങളിൽനിന്നും ജനവിധി തേടുന്നത്. ഉദ്ദംപുർ, ജമ്മു മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും പി.ഡി.പി. അറിയിച്ചിട്ടുണ്ട്.

കശ്മീർ താഴ്‌വരയിലെ മൂന്ന് സീറ്റുകളിൽ തനിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പി.ഡി.പി. നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിലെ നാഷണൽ കോൺഫറൻസിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ടായിരുന്നു പി.ഡി.പിയുടെ നിലപാട് പ്രഖ്യാപനം. മൂന്ന് മണ്ഡലങ്ങളിൽ തനിച്ചു മത്സരിക്കുകയല്ലാതെ ഒരു മാർഗവും നാഷണൽ കോൺഗ്രസ് അവശേഷിപ്പിച്ചിട്ടില്ലെന്ന് മുഫ്തി വ്യക്തമാക്കിയിരുന്നു.