നാഗ്പുർ: യുവതി പാൻകടയിൽനിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നാല് പെൺകുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജയശ്രീ നിരവധി തവണ രഞ്ജിത്തിനെ കുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജയശ്രീ പന്ധാരെ പാൻകടയിൽനിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണിൽ പകർത്തിയത്. ജയശ്രീ പുകവലയങ്ങൾ രഞ്ജിത്തിന്റെ സമീപത്തേക്ക് ഊതിവിടുന്ന വിഡിയോയാണ് ഫോണിലുള്ളത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ജയശ്രീ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് രഞ്ജിത്തിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. വഴക്കിനൊടുവിലാണ് രഞ്ജിത്തിന് മാരകമായി കുത്തേറ്റത്. പിന്നീട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.