ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധ കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞ നെഹ്‌റുവിനെ ജനങ്ങൾ മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ 80 ശതമാനം മേഖലകളിലും അഫ്‌സ്പ നിയമം എടുത്തുമാറ്റി മുസ്ലിം വ്യക്തി ഗത നിയമം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അസമിലെ ബിജെപി റാലിയിൽ അമിത് ഷാ വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയുടെ ഇറ്റാലിയൻ സംസ്‌കാരം മൂലമാണ് ഇന്ത്യ എന്ന ആശയത്തെ മനസ്സിലാക്കാൻ അവർക്ക് സാധിക്കാത്തതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. കശ്മീരുമായി എന്താണ് ബന്ധമെന്ന് കോൺഗ്രസ് പാർട്ടി ചോദിക്കുന്നത് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്ന് ഷാ പറഞ്ഞു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ് പാർട്ടിയെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ബാക്കിയുള്ള ഇന്ത്യയിൽ അവകാശമുള്ളതുപോലെ എല്ലാ സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ജമ്മു കശ്മീരിനുമേലും അവകാശമുണ്ട്, ഷാ എക്സിൽ കുറിച്ചു.

രാജസ്ഥാന്റെ എത്രയോ ധീരപുത്രന്മാർ കശ്മീരിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവത്യാഗം ചെയ്തുവെന്ന് കോൺഗ്രസിന് അറിയില്ല. എന്നാൽ, ഇത് കേവലം കോൺഗ്രസ് നേതാക്കളുടെ തെറ്റല്ല. കോൺഗ്രസ് പാർട്ടിയുടെ ഇറ്റാലിയൻ സംസ്‌കാരം മൂലമാണ് ഇന്ത്യ എന്ന ആശയത്തെ മനസ്സിലാക്കാൻ അവർക്ക് സാധിക്കാത്തത്, അമിത് ഷാ പറഞ്ഞു.