റായ്പുർ: ഛത്തീസ്‌ഗഢിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഢിലെ ദുർഗ് ജില്ലയിൽ ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബസ്സപകടത്തിൽ 12 പേർ മരിച്ചതായി ദുർഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12 പേർ റായ്പുർ എയിംസിലേക്കും മറ്റ് രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായും അവർ വ്യക്തമാക്കി.

അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുശോചനം രേഖപ്പടുത്തി. 'ദുർഗിലുണ്ടായ അപകടം ഏറെ ദുഃഖകരമാണ്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനാവട്ടെ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും', പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ദുർഗിലെ അപകടത്തിൽ നിരവധി പേർ മരിച്ചെന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും എക്‌സിൽ കുറിച്ചു.