മും​ബൈ: ക്രി​ക്ക​റ്റ് താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യയു​ടെ പരാതിയിൽ അ​ർ​ധ സ​ഹോ​ദ​ര​ൻ വൈ​ഭ​വ് പാ​ണ്ട്യ അ​റ​സ്റ്റി​ൽ. ഹാ​ർ​ദി​ക്കി​ന്റെ​യും സ​ഹോ​ദ​ര​ൻ ക്രു​നാ​ൽ പാ​ണ്ഡ്യ​യു​ടെ​യും പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സാമ്പത്തിക തട്ടിപ്പാണ് ആരോപണം. ഇ​രു​വ​രു​ടെ​യും സം​യു​ക്ത സം​ര​ഭ​ത്തി​ൽ നി​ന്നും വൈ​ഭ​വ് പാ​ണ്ട്യ 4.3 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. മും​ബൈ പോ​ലീ​സി​ന്റെ സാ​മ്പ​ത്തി​ക കു​റ്റ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫ​ണ്ട് തി​രി​മ​റി, പ​ങ്കാ​ളി​ത്ത ഉ​ട​മ്പ​ടി ലം​ഘ​നം എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. വി​ശ്വാ​സ വ‍​ഞ്ച​ന, ച​തി എ​ന്നീ കു​റ്റ​ങ്ങ​ളും മും​ബൈ പോ​ലീ​സി​ന്റെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം ചുമത്തി. മൂ​ന്ന് വ​ർ​ഷം മു​മ്പ് ഹാ​ർ​ദി​ക്കും സ​ഹോ​ദ​ര​ൻ ക്രു​നാ​ലും വൈ​ഭ​വ് പാ​ണ്ഡ്യ​യും ചേ​ർ​ന്ന് പോ​ളി​മ​ർ ബി​സി​ന​സി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. 40 ശ​ത​മാ​നം വീ​തം ഹാ​ർ​ദി​ക്കും ക്രു​നാ​ലും 20 ശ​ത​മാ​നം വി​ഹി​തം വൈ​ഭ​വും ന​ട​ത്തു​മെ​ന്ന ക​രാ​റി​ലാ​യി​രു​ന്നു നി​ക്ഷേ​പം ന​ട​ത്തി​യ​ത്. ഇ​തി​ന് പു​റ​മെ സ്ഥാ​പ​ന​ത്തി​ന്റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നോ​ക്കാ​നു​ള്ള ചു​മ​ത​ല​യും വൈ​ഭ​വി​നാ​യി​രു​ന്നു.

നി​ക്ഷേ​പ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ഭ​വി​ഹി​തം വീ​തി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ ഹാ​ർ​ദി​ക്കി​നെ​യും ക്രു​നാ​ലി​നെ​യും അ​റി​യി​ക്കാ​തെ മ​റ്റൊ​രു പോ​ളി​മ​ർ ബി​സി​ന​സ് സ്ഥാ​പ​നം തു​ട​ങ്ങി​യ വൈ​ഭ​വ്, ഇ​രു​വ​രു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത ക​രാ​ർ ലം​ഘി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​തു​വ​ഴി ആ​ദ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ലാ​ഭം കു​ത്ത​നെ ഇ​ടി​യു​ക​യും മൂ​ന്ന് കോ​ടി രൂ​പ ന​ഷ്ട​ത്തി​ലാ​വു​ക​യും ചെ​യ്തു.

ഇ​തി​ന് പു​റ​മെ വൈ​ഭ​വ് സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ലെ നി​ക്ഷേ​പം ഹാ​ർ​ദി​ക്കി​ന്റെ​യും ക്രു​നാ​ലി​ന്റെ​യും അ​നു​മ​തി​യി​ല്ലാ​തെ 33.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തുവെന്നാണ് പരാതി.