ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അൻഷു സിങ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തിൽപ്പെട്ട ബൈക്കിൽ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗ്രേറ്റർ നോയിഡയിലെ തിരക്കേറിയ പാരി ചൗക്കിന് സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാലു പേരും. അമിതവേഗതയിൽ വന്ന കാർ ഇവരുടെ ബൈക്കിൽ ഇടിച്ചിട്ടു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ നാലുപേരുടെയും ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'നാല് പേരും ഹെൽമറ്റ ധരിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ പിതാവ് ശിവ് സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. ബൈക്കിൽ ഇടിച്ച വാഹനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.' സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.