- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമേശ്വരം കഫേ സ്ഫോടനം: മറ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികൾക്ക് മറ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. എൻഐഎ അവരെ പിടികൂടിയില്ലായിരുന്നെങ്കിൽ പ്രതികൾ പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കാൻ സാധ്യതയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും മറ്റ് തീവ്രവാദ സംഘടനകളുമായി അവരുടെ പങ്കാളിത്തവും അന്വേഷിക്കുകയാണ്. പ്രതികൾക്ക് ശിവമോഗ സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ച സൂചനകൾ എൻഐഎക്ക് നൽകിയതിന് സംസ്ഥാന പൊലീസിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അതേസമയം കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
എൻഐഎയും കർണാടക പൊലീസും മികച്ച പ്രവർത്തനമാണ് നടത്തിയത്. തുടക്കത്തിൽ തന്നെ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. പ്രതികളിൽ ഒരാളെ ട്രാക്ക് ചെയ്തു. ഇത് പ്രതികളെ അറസ്റ്റുചെയ്യാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതി ധരിച്ചിരുന്ന തൊപ്പിയെ കുറിച്ചും അത് ചെന്നൈയിൽ നിന്ന് വാങ്ങിയതാണെന്നുമുള്ളവിവരങ്ങളും കൂടാതെ പ്രതി കടയിൽ നൽകിയ ടെലിഫോൺ നമ്പർ എന്നിവ പൊലീസ് എൻഐഎയുമായി പങ്കുവെച്ചു.
സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് മുഖ്യപ്രതികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹമ്മദ് താഹ എന്നിവർ പശ്ചിമ ബംഗാളിൽ നിന്ന് പിടിയിലാകുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹയാണെന്നാണ് വിവരം.
മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളുമുൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം ബെംഗളൂരു പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാർച്ച് മൂന്നിന് കേസ് എൻ.ഐ.എ. ഏറ്റെടുത്തു.