- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡിഷയിൽ ബിജെഡി വിട്ട മുൻ എംപി ബിജെപിയിൽ
ന്യൂഡൽഹി: ബി.ജെ.ഡി. വിട്ട മുൻ എംപിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാർ സിങ് ബിജെപിയിൽ ചേർന്നു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രഭാസിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.ഡിയിൽ അന്തസ്സും ആത്മാഭിമാനവുമുള്ളവർക്ക് തുടരാനാകില്ലെന്ന് അഭിപ്രായപ്പെട്ട പ്രഭാസ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ചു.
2014ൽ ബർഗഢ് മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു പ്രഭാസ് കുമാർ സിങ്. കഴിഞ്ഞ തവണ ഇവിടെനിന്ന് പരാജയപ്പെട്ട പ്രസന്ന ആചാര്യ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ പ്രഭാസ് ഇവിടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബർഗഢ് ജില്ലാ ബിജെപി. മുൻ വൈസ് പ്രസിഡന്റായിരുന്ന സുശാന്ത് മിശ്രയുടെ ഭാര്യ പരിനീത മിശ്രയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബി.ജെ.ഡിയുടെ തീരുമാനം.
ജില്ലാ പ്രസിഡന്റായ തന്നോട് ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് എന്ന് ആരോപിച്ചാണ് പ്രഭാസ് രാജി പ്രഖ്യാപിച്ചത്. പാർട്ടിയുടെ ആദർശം കൈമോശം വന്നുവെന്നും ആഭ്യന്തരജനാധിപത്യം നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സുരേഷ് പുജാരിയാണ് ഇവിടെ സിറ്റിങ് എംപി. ഇദ്ദേഹം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബ്രജ്രാജ് നഗറിൽനിന്ന് മത്സരിക്കും. പ്രദീപ് പുരോഹിത് ആണ് ബർഗഢിലെ സ്ഥാനാർത്ഥി.