ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഒഡിഷയിലെ ജജ്പുർ ജില്ലയിലെ ദേശീയപാത 16-ൽ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികൾ പറയുന്നു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടുനീങ്ങിയിരുന്നതെന്നും ഇവർ വ്യക്തമാക്കി. അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.