ഹൈദരാബാദ്: അഞ്ച് ദലിത് യുവാക്കളെ 27 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി അക്രമിച്ച കേസിൽ വൈ.എസ്.ആർ പാർട്ടി നേതാവിനും പങ്കാളികളായ ഒമ്പത് പേർക്കെതിരെയും വിശാഖപട്ടണം പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. യുവാക്കളെ ആക്രമിക്കുകയും തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത മുഖ്യപ്രതിയായ വൈ.എസ്.ആർ പാർട്ടി നേതാവും എം.എൽ.സിയുമായ തോട്ട ത്രിമുർത്തുലു ഉൾപ്പെടെയുള്ള പ്രതികൾക്ക് 18 മാസം തടവും ഓരോത്തർക്കും 42,000 രൂപ പിഴയുമാണ് ശിക്ഷ.1996 ഡിസംബർ 29-ന് നടന്ന കേസിൽ കോടതി നടപടികൾ വൈകിപ്പിച്ചതിന് 1.5 ലക്ഷം രൂപ പിഴയുമടക്കണം. ആന്ധ്രപ്രദേശിലെ മുന്നോക്ക വിഭാഗമായ കാപു അംഗമാണ് ത്രിമുർത്തുലു.

രാമചന്ത്രപുരം എംഎ‍ൽഎ ആയിരിക്കെ ത്രിമുർത്തലു അടങ്ങുന്ന എട്ടംഗ സംഘം കെ. ചിന്ന രാജു, ഡി. വെങ്കട്ടരമണ, സി. പട്ടാബി രാമയ്യ, കെ. ഗണപതി, പി. വെങ്കട്ടരമണ എന്നിവരെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ വെങ്കട്ടയപാലേയത്തുനിന്ന് ബലമായി പിടിച്ചു കൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും താൻ നിരപരാധിയാണെന്നും തോട്ട ത്രിമുർത്തുലു പ്രതികരിച്ചു.

ഇക്കുറി ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മഡപ്പേട്ടയിൽ സ്ഥാനാർത്ഥിയാണ് ത്രിമുർത്തലു. മെയ് 13-നാണ് ആന്ധ്രപ്രദേശിലെ ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുക. 175 സീറ്റുകളുള്ള ആന്ധ്രപ്രദേശ് നിയമസഭയിൽ 29 പട്ടിക ജാതി സംവരണ സീറ്റും ഏഴ് പട്ടിക വർഗ്ഗ സീറ്റുമാണുള്ളത്.

1994-ലാണ് ആന്ധ്രപദേശിലെ രാമചന്ദ്രപുരം നിയോജക മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തോട്ട ത്രിമുർത്തുലു ആദ്യമായി വിജയിക്കുന്നത്. ഈ തിരഞ്ഞടുപ്പിൽ അക്രമിക്കപ്പെട്ട അഞ്ച് യുവാക്കളും ബി.എസ്‌പി(ബഹുജൻ സമാജ്വാദി പാർട്ടി)ക്കാണ് പിന്തുണ നൽകിയിരുന്നത്. തനിക്കെതിരെയായി നിന്ന് ബി.എസ്‌പിക്ക് പിന്തുണ നൽകി. ഇതിലുള്ള ദ്വേഷ്യമാണ് ഇവരെ ഉപദ്രവിക്കുന്നതിനുള്ള കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.

1997 ജനുവരി നാലിന് പട്ടിക ജാതി/പട്ടികവർഗ്ഗ നിരോധന നിയമം അടക്കം ചുമത്തി ത്രിമുർത്തുലുവിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജനുവരി ഏഴിന് ജാമ്യത്തിൽ വിട്ടു. അക്രമിക്കപ്പെട്ടവരിൽ രണ്ട് പേരും കെ.ചിന്ന രാജുവിന്റെ സഹോദരനായ കേസിലെ പ്രധാന സാക്ഷി കെ.രാജുവും വിചാരണക്കിടെ മരണപ്പെട്ടു. 2021-ൽ പരാതിക്കാരുടെ ജാതി തെളിയിക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും അത് തെളിവായി സ്വീകരിക്കാൻ വിശാഖപട്ടണം പ്രത്യേക കോടതി വിസമ്മതിച്ചു. പൊലീസ് കുറ്റപത്രത്തിൽ ജാതി സർട്ടിഫിക്കറ്റ് ചേർത്തിരുന്നില്ല.

അക്രമിക്കപ്പെട്ടവരുടെ ജാതി സർട്ടിഫിക്കേറ്റ് പരിഗണിക്കാത്തതിൽ ഫെബ്രുവരിയിൽ കീഴ്ക്കോടതിയെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ജാതി സർട്ടിഫിക്കറ്റ് പരിഗണിച്ച് വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് ദലിത് യുവാക്കൾക്കും നീതി കിട്ടിയെന്ന് ചിന്ന രാജുവിന്റെ ബന്ധു പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോട്ട് ചെയ്തു.