അലഹബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽവഴുതി വീണ യാത്രക്കാരനെ രക്ഷിച്ച് ആർപിഎഫ് സബ് ഇൻസ്പെക്ടർ. പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരനായ സജ്ജൻ സിങ് എന്ന യുവാവാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ചത്. എന്നാൽ കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ സഞ്ജയ് കുമാർ റാവത്ത് യുവാവിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.

നോർത്ത് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൽ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സജ്ജൻ സിങ് കയറാൻ ശ്രമിക്കുന്നതും കാൽവഴുതി വീഴുമ്പോൾ സബ് ഇൻസ്പെക്ടർ സഞ്ജയ് കുമാർ ഓടിയെത്തി രക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഏപ്രിൽ 14നു പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 1,000ത്തിൽ അധികം ലൈക്കും വീഡിയോ നേടി. സബ് ഇൻസ്പെക്ടറുടെ മനഃസാന്നിധ്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.