ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ (എച്ച് ഡി എം സി) കോൺഗ്രസ് കൗൺസിലറുടെ മകളെ കൊലപ്പെടുത്തി. കോളജ് വളപ്പിൽ വച്ച് സഹപാഠിയാണ് കുത്തിക്കൊന്നത്.

എച്ച്ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമഠിനെ (21) സഹപാഠിയായ ഫയാസാണ് കുത്തിയത്. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയാണ് പ്രതി. ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയാണ് നേഹ. മൃതദേഹം കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ മകനാണ് ഫയാസ്, ആറ് മാസം മുമ്പ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് കോളേജിൽ പോകുന്നത് നിർത്തിയിരുന്നു.

'വ്യാഴാഴ്ച കോളേജിൽ കത്തിയുമായി വന്ന ഇയാൾ നേഹയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി, ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്,"-ഇതാണ് പൊലീസ് നൽകുന്ന വിശദീകരണം.