ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലായി നാല് സ്ഥാനാർത്ഥികളെക്കൂടെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഒഡിഷയിലെ മൂന്നും പശ്ചിമബംഗാളിലെ ഒന്നും സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഒഡിഷയിലെ ഒരു സീറ്റിൽ സ്ഥാനാർത്ഥിയെ മാറ്റി. ഒഡിഷയിൽ 16 നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതിൽ മൂന്നുസീറ്റുകളിൽ നേരത്തെ തീരുമാനിച്ചിരുന്നവരെ മാറ്റി പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഒഡിഷയിലെ സംബാൽപുരിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബി.ജെ.ഡിയിലെ രണ്ടാമനായ സംഘടനാ ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ് ദാസിനുമെതിരെ പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുലാൽ ചന്ദ്ര പ്രധാൻ മത്സരിക്കും. ക്യോജറിൽ മോഹൻ ഹെബ്രാമിനെ മാറ്റി ബിനോദ് ബിഹാരി നായകിനെ മത്സരിപ്പിക്കും. അസ്‌കയിൽ ദേബോകാന്ത് ശർമയാണ് സ്ഥാനാർത്ഥി. പഞ്ചിമബംഗാളിലെ കാന്തിയിൽ ഉർബശി ഭട്ടാചാര്യ ജനവിധി തേടും.