പട്‌ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. (പൈദാ തോ ബഹുത് കർ ദിയാ...ഇത്‌നാ ജ്യാദാ പൈദാ കർനാ ചാഹിയേ കിസീ കോ, ബാൽ ബച്ചാ..) ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിക്കുന്നതിനിടെയാണ് നിതീഷ് ഒൻപതു മക്കളുള്ള ലാലുവിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം.

മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോൾ രണ്ടാൺമക്കൾക്കു പുറമെ പെൺമക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നു നിതീഷ് കുറ്റപ്പെടുത്തി. ലാലു യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരൻ മണ്ഡലത്തിലുമാണ് മൽസരിക്കുന്നത്.

ലാലുവിന്റെ രണ്ടാൺമക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുന്മന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്‌നി റാബ്‌റി ദേവി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും. ലാലുറാബ്‌റി ദമ്പതികൾക്ക് രണ്ടാൺമക്കളും ഏഴു പെൺമക്കളുമാണുള്ളത്.

എൻഡിഎയുടെ തോൽവി മുന്നിൽ കണ്ടാണു നിതീഷ് രോഷാകുലനാകുന്നതെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിൽ പങ്കെടുപ്പിക്കാത്തതും നിതീഷിനെ വേദനിപ്പിക്കുന്നുണ്ടാകുമെന്നു തിവാരി പറഞ്ഞു.