റായ്പൂർ: ഛത്തീസ്‌ഗഢിലെ ബിജാപൂർ ജില്ലയിൽ ഞായറാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ജില്ലാ റിസർവ് ഗാർഡിന്റെ സംഘം നക്സൽ വിരുദ്ധ ഓപറേഷന്റെ ഭാഗമായി തിരച്ചിലിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

പുലർച്ചെ 5.30 ഓടെ ഭൈരംഗഡ് പൊലീസ് സ്റ്റേഷന് കീഴിലുള്ള കേഷ്‌കുതുൽ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഛത്തീസ്‌ഗഢിൽ ഈ വർഷം മാത്രം വിവിധ ഏറ്റുമുട്ടലുകളിലായി 80 മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു