ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.

അനന്ത്‌നാഗ് മണ്ഡലത്തിൽ മെയ്‌ 7ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയിൽ കശ്മീർ പൊലീസും സൈന്യവും ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.