ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

ഏപ്രിൽ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകാൻ തീരുമാനിച്ചത് ഒരു സ്വർണ വളയും ടിവിയുമാണ്. വിവാഹത്തിന് എൽ.സി.ഡി ടി.വിയും സ്വർണ മോതിരവുമാണ് മിശ്ര സമ്മാനമായി നൽകിയത്. എന്നാൽ ഭർത്താവിന്റെ തീരുമാനം അറിഞ്ഞ ഭാര്യ ചാബി ഇതിനെ എതിർത്തു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന് ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി.

വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാർ വടികൾ ഉപയോഗിച്ച് ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചാബിയും സഹോദരന്മാരുമുൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു