കോയമ്പത്തൂർ: ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിന്് പിന്നാലെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഘം അറസ്റ്റിൽ. തിങ്കളാഴ്ച കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്ക്കംപാളയം സ്വദേശി അരുൾ പാണ്ടിയൻ (28) ആണു കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തുക്കളായ അരുൾ കുമാർ (24), വസന്തകുമാർ (25) എന്നിവർ സാരമായ പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂർ തുടിയല്ലൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിങ്ങും (48) കടയിലെ ജീവനക്കാരും അറസ്റ്റിലായി. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിങ്ങുമായി (48) പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. പരിചയപ്പെടലിന്റെ ഭാഗമായി കൈ കൊടുത്തപ്പോൾ ഇന്ദ്രസിങ് വസന്തകുമാറിന്റെ കയ്യിൽ ബലമായി അമർത്തിയെന്ന് ആരോപിച്ചാണു സംഘർഷം തുടങ്ങിയത്. വസന്തകുമാർ നിലവിളിച്ചതോടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇന്ദ്രസിങിനെ അരുൾ പാണ്ടിയനും സുഹൃത്തുക്കളും അടിച്ചു.

ജീവനക്കാരുടെ മുന്നിൽ തല്ലുകൊണ്ടതിൽ നാണക്കേട് തോന്നിയ ഇന്ദ്രസിങ് പകരം വീട്ടാൻ തക്കം പാർത്തിരുന്നു. പിന്നീടു മേട്ടുപ്പാളയം മലമ്പാതയിൽ വച്ചു കാറിലെത്തിയ ഇന്ദ്രസിങ് ഇവരുമായി വീണ്ടും വാക്കേറ്റമുണ്ടാക്കി. ഇവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഇന്ദ്രസിങ് രണ്ടാമത്തെ ഹെയർപിൻ വളവിൽ എത്തിയപ്പോൾ കാർ ഇരുചക്രവാഹനത്തെ ഇടിപ്പിക്കുകയും വീണു കിടന്ന അരുൾ പാണ്ടിയന്റെ തലയിലൂടെ കാർ കയറ്റുകയും ചെയ്തു. മറ്റുള്ളവർ ദൂരെ തെറിച്ചു വീണതിനാൽ രക്ഷപ്പെടുകയായിരുന്നു.

കാറുമായി കടന്നുകളഞ്ഞ ഇന്ദ്രസിങ്ങിനെയും സംഘത്തെയും ധർമപുരിയിൽ നിന്നാണു ചൊവ്വാഴ്ച പിടികൂടിയത്. 20 വർഷമായി കോയമ്പത്തൂരിൽ ഫർണിച്ചർ കട നടത്തുന്ന ഇന്ദ്രസിങ് 48 വയസ്സിലും തന്റെ കരുത്തു കാണിക്കാൻ ഷേക്ക് ഹാൻഡ് കൊടുക്കുന്നവരുടെ കൈ അമർത്തുക പതിവായിരുന്നുവെന്നു പൊലീസ് പറയുന്നു.

ഇന്ദ്രസിങ്ങിനൊപ്പം കാറിൽ ഉണ്ടായിരുന്ന ജീവനക്കാരായ ഉത്തരാഖണ്ഡ് സ്വദേശികളായ സുമൻ കുമാർ മുന്ന (29), മോഹൻകുമാർ ശർമ (29), മുഹമ്മദ് റിസ്വാൻ അഹമ്മദ് (27), മുഹമ്മദ് കലിൻ (26), 17 വയസ്സുകാരൻ എന്നിവരും മേട്ടുപ്പാളയം പൊലീസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.