ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുന്ന ദ്രാവിഡിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ സഹതാരവും മുൻ ഇന്ത്യൻ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയും ബെംഗളൂരുവിലാണ് വോട്ടവകാശം വിനിയോഗിച്ചത്. ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വോട്ടു ചെയ്തതിനു ശേഷമുള്ള ചിത്രം അനിൽ കുംബ്ലെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിട്ടുണ്ട്.

സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ പരിശീലകൻ രംഗത്തെത്തി. "വളരെ എളുപ്പമുള്ള പ്രക്രിയയാണിത്. ഇപ്രാവശ്യം ബെംഗളൂരുവിൽ കൂടുതൽ പേർ വോട്ടു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കന്നിവോട്ടുകാർ ഒരുപാടുണ്ട്. യുവാക്കൾ വോട്ടു ചെയ്യാൻ തയാറാകണം." രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

ജനാധിപത്യത്തിൽ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. സാധാരണക്കാരനെ പോലെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 14 സീറ്റുകളിലേക്കാണ് കർണാടകയിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 543 അംഗ പാർലമെന്റിൽ 28 സീറ്റുകൾ സംഭാവന ചെയ്യുന്ന കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി ചിക്കമംഗളൂർ, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപുർ, കോലാർ എന്നീ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.

കർണാടകയിൽ 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ 28-ൽ 25 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ 25 സീറ്റുകളിലാണ് ഇവിടെ ബിജെപി മത്സരിക്കുന്നത് ബാക്കിയുള്ള മൂന്ന് സീറ്റുകളിൽ സഖ്യകക്ഷിയായ ജെഡിഎസ് മത്സരിക്കുന്നു.