- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിക്ക് നേരെ വ്യാജ വിവാഹേതര ബന്ധം ആരോപിക്കുന്നത് ക്രൂരത: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തക്കതായ തെളിവുകളില്ലാതെ പങ്കാളിക്ക് എതിരെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികൾ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.
ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങൾ കാട്ടിയാൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി പിൻതാങ്ങി.
'കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ മാനസികമായി പങ്കാളിയെ തകർക്കാൻ കെൽപ്പുള്ളതാണ്. ദാമ്പത്യബന്ധത്തെ തന്നെ ഇത് ഗുരുതരമായി ബാധിക്കും. കുട്ടികളോടുള്ള നിയമപരമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്നതും പ്രോത്സാഹിപ്പിക്കാനാവില്ല', അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വിവാഹമോചനം നൽകാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് വിവാഹമോചനം ആവശ്യപ്പെടുന്നയാളെ അനർഹനായി കണക്കാക്കാനും കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ഒന്നിലധികം പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് കുടുംബക്കോടതിയിൽ പങ്കാളി ഉന്നയിച്ചത്. ക്രോസ് വിസ്താരത്തിനൊടുവിൽ അത്തരം സാഹചര്യം നേരിട്ട് കണ്ടിട്ടില്ലെന്ന് ഒടുവിൽ ഭർത്താവ് സമ്മതിക്കുകയായിരുന്നു.
സ്വന്തം കുട്ടികളുടെ പിതൃത്വത്തെ പോലും സംശയിക്കുന്ന തരത്തിലുള്ള പെരുമാറ്റവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളും ഗുരുതരമായ കുറ്റമായാണ് കോടതി കാണുന്നത്. ഈ കേസിൽ കേസ് കൊടുത്ത ഭർത്താവല്ല ഭാര്യയാണ് ക്രൂരതക്കിരയായതെന്നും അതിനാൽ വിവാമോചനം നൽകേണ്ടെന്ന തീരുമാനം ശരിവെക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.