ചെന്നൈ: സുഹൃത്തുക്കളുമായി സദാസമയവും വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ഇറ്റു തുങ്ങിയ കയ്യുമായി രേവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ശേഖർ രേവതിയെ ആക്രമിച്ചത്. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാൽ അയൽവാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖർകീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

പതിവായി വീഡിയോകോൾ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മിൽ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പൊലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.