ചെന്നൈ: തമിഴ്‌നാട്ടിലെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണത്തിൽ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്‌ബു തെലങ്കാനയിൽ റോഡ് ഷോ നയിച്ചത് ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ. ഖുശ്‌ബുവിന്റെ ആരോഗ്യപ്രശനങ്ങൾ മാറിയോ എന്നാണ് സോഷ്യൽ മീഡിയയിലെ സംശയം. തമിഴ്‌നാട്ടിൽ നിന്ന് മുങ്ങിയ ഖുശ്‌ബു തെലങ്കാനയിൽ പൊങ്ങിയതിനു പിന്നിൽ ബിജെപിയിലെ പോരാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണം.

കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഢിക്കൊപ്പം തെലങ്കാനയിൽ റോഡ് ഷോയിൽ ഖുശ്‌ബു നിറസാന്നിധ്യമായിരുന്നു. സെക്കന്തരാബാഡിലെ ജുബിലി ഹില്ലസിൽ ബിജെപി നടതിയ റോഡ് ഷോയിലാണ് ഖുശ്‌ബു പങ്കെടുത്തത്. അനാരോഗ്യം കാരണം തമിഴ്‌നാട്ടിലെ പ്രചാരണത്തിൽ നിന്ന് ഈ മാസം ഏഴിന് ഖുശ്‌ബു പിന്മാറിയിരുന്നു. അഞ്ചു വർഷമായി താൻ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങൾ വഷളാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി കാണിച്ച് ബിജപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തും ഖുശ്‌ബു പുറത്തുവിട്ടിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് അയച്ച കത്തിൽ ഖുശ്‌ബു പറഞ്ഞത്.

എന്നാൽ തെലങ്കനയിൽ പ്രചാരണത്തിനെതിയതോടെ ഖുശ്‌ബു മനഃപൂർവം തമിഴ്‌നാട്ടിൽ നിന്ന് മാറി നിന്നതോ എന്ന സംശയം ഉയർത്തുകയാണ് വിമർശകർ. തമിഴ്‌നാട്ടിൽ പ്രചാരണം നടത്തിയാൽ മാത്രമേ ആരോഗ്യനില വഷളാവുകയൊള്ളോ എന്നാണ് ഖുശ്‌ബുവിന്റെ പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ. തമിഴ്‌നാട്ടിൽ ബിജെപിയുടെ മുൻനിര നേതാക്കളെല്ലാം മത്സരിച്ചിട്ടും ഖുശ്‌ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല. ഇതിനാലാണോ ഖുശ്‌ബു പ്രചാരണത്തിൽ നിന്നും വിട്ടു നിന്നതെന്നാണ് ഉയരുന്ന ചോദ്യം. നേരത്തെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഖുശ്‌ബു ചെന്നൈ സെൻട്രൽ ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിൽ ഉള്ള തൗസാൻഡ് ലൈറ്‌സിൽ 24,000 വോട്ടിനു തോറ്റിരുന്നു.