ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തി. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അധികാരികൾ അറിയിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു.

വി.പി.എൻ. ഉപയോഗിച്ചാണ് മെയിലുകൾ അയച്ചതെന്നാണ് കണ്ടെത്തൽ. ഭീഷണിസന്ദേശം ലഭിച്ച സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തനായില്ല. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡൽഹി പൊലീസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ പരിഭ്രാന്തരാകരുത്. സ്‌കൂളുകളുടേയും വിദ്യാർത്ഥികളുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരോട് സഹകരിക്കണം. ആക്രമികളേയും കുറ്റവാളികളെയും വെറുതേവിടില്ലെന്നും ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു.

പുലർച്ചെ 4.15-ഓടെയാണ് ഡൽഹിയിലെ സ്‌കൂളുകൾക്ക് ഭീഷണിസന്ദേശം ലഭിക്കാൻ തുടങ്ങിയത്. ഒരേ ഇ- മെയിൽ സന്ദേശങ്ങളായിരുന്നു സ്‌കൂളുകൾക്കെല്ലാം ലഭിച്ചത്. സന്ദേശം ലഭിച്ച സ്‌കൂളുകളെല്ലാം അടച്ച് വിദ്യാർത്ഥികളെ തിരിച്ചയച്ചു. പരീക്ഷകളടക്കം നിർത്തിവെച്ചിരുന്നു. ബോംബ് സ്‌ക്വാഡും ഡൽഹി അഗ്‌നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്‌കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറഞ്ഞിരുന്നു.