ശ്രീനഗർ: ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഒമർ അബ്ദുല്ല വിമർശിച്ചു.

ബാരാമുല്ല ലോക്‌സഭ മണ്ഡലത്തിൽ നോമിനേഷൻ സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനസംഖ്യയിൽ 14 ശതമാനം മാത്രം വരുന്ന മുസ്ലിംകളെ മറ്റു ഭൂരിപക്ഷ സമുദായങ്ങളിൽ നിന്ന് അകറ്റുവാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒമർ അബ്ദുല്ല കുറ്റപ്പെടുത്തി.

'എനിക്ക് ഈ മണ്ഡലത്തോടും ശ്രീനഗർ, അനന്ത്‌നഗ് മണ്ഡലങ്ങളോടും ഒരു ഉത്തരവാദിത്തമുണ്ട്, അല്ലാഹു അനുഗ്രഹിച്ചാൽ എന്റെ കഴിവിന്റെ പരമാവധി ഞാൻ അത് നിറവേറ്റും' -ഒമർ അബ്ദുല്ല പറഞ്ഞു.

കുപ്വാരയിലെ ജനങ്ങൾക്ക് തന്റെ പ്രവർത്തനരീതികൾ കൃത്യമായി അറിയാമെന്നും കുപ്വാരയിൽ വെള്ളപൊക്കം വന്നപ്പോൾ താൻ സന്ദർശിക്കാനെത്തിയതറിഞ്ഞ തന്റെ എതിരാളി പുറത്തിങ്ങാൻ നിർബന്ധിതനായിരുന്നുവെന്നും ഒമർ അബ്ദുല്ല പറഞ്ഞു. ഇത്തവണ ഒമർ അബ്ദുല്ലയുടെ എതിരാളി പീപ്പിൾസ് കോൺഫറൻസിന്റെ സജാദ് ഗനി ലോൺ ആവാനാണ് സാധ്യത.