ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്.

പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചുവെന്നാണ് സാക്ഷി മാലിക് പ്രതികരിച്ചത്. "ബ്രിജ് ഭൂഷണന്റെ മകന്റെ സ്ഥാനാർത്ഥിത്വം കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ ?" സാക്ഷി മാലിക് ചോദിച്ചു.

വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നു ബ്രിജ് ഭൂഷണിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് നിഗമനത്തിലാണ് മകനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. കരൺ നിലവിൽ ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്റാണ്.

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരിക്കെ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ബ്രിജ് ഭൂഷണെതിരെ കേസുണ്ട്. ആറു താരങ്ങളാണു ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സാക്ഷി മാലിക്, ബജ്രംഗ് പുനിയ ഉൾപ്പെടെ മുൻനിര താരങ്ങളുടെ നേതൃത്വത്തിൽ ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്നു രണ്ട് ലക്ഷം വോട്ടിനാണു ബ്രിജ് ഭൂഷൺ വിജയിച്ചത്. ബിഎസ്‌പിയുടെ ചന്ദ്രദേവ് റാം യാദവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2009 മുതൽ തുടർച്ചയായി മൂന്നു തവണയാണ് ബ്രിജ് ഭൂഷൺ ഇവിടെനിന്നു വിജയിച്ചത്.

കൈസർഗഞ്ച് സീറ്റിൽ ബിജെപിക്കു മത്സരമില്ലെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ രണ്ടു ലക്ഷത്തിലധികം വോട്ടുകൾക്കാണു താൻ വിജയിച്ചതെന്നും ഇത്തവണ 5 ലക്ഷം വോട്ടിനു വിജയിപ്പിക്കാനാണു പ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണു സീറ്റു മകനു നൽകാൻ ബിജെപി തീരുമാനിച്ചത്.