സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ജിതു വൻസാര (33) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. അജ്ഞാതനാണ് പാഴ്സൽ എത്തിച്ചതെന്നും ഇലക്ട്രോണിക് വസ്തു പ്ലഗിൻ ചെയ്ത ഉടൻ സ്ഫോടനമുണ്ടായതായും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റ മൂന്ന് പെൺകുട്ടികളെ വദാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും അവിടെ നിന്ന് ഹിമത്നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ചാണ് വൻസാരയുടെ 11 വയസ്സുള്ള മകൾ മരിച്ചത്.

പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് റസിഡന്റ് മെഡിക്കൽ ഓഫിസർ വിപുൽ ജാനി പറഞ്ഞു. ഓട്ടോറിക്ഷയിലാണ് പാഴ്സൽ എത്തിച്ചതെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.

വീട്ടുകാർ ഓർഡർ ചെയ്ത വസ്തുവാണോ ഇതെന്ന് എന്ന് പൊലീസ് അന്വേഷിക്കുന്നണ്ട്. ലോക്കൽ പൊലീസും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ലോക്കൽ ക്രൈംബ്രാഞ്ചും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.