- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രജ്വലിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: പ്രജ്വൽ രേവണ്ണ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസർക്കാർ പ്രജ്വലിനെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ ആർക്കും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര യാത്ര നടത്തുമ്പോൾ എല്ലാവരുടെയും പാസ്പോർട്ടും വിസയും പരിശോധിക്കാറുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
പ്രജ്വൽ ജർമനിയിലേക്ക് കടന്നത് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണെന്ന് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശമന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ള വ്യക്തിക്ക് ജർമനിയിലേക്ക് പോകാൻ വിസ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മാത്രമല്ല, പ്രജ്വൽ പൊളിറ്റിക്കൽ ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും കൊടുത്തിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം.
അതേസമയം, പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. ദുബായിൽനിന്നാണെങ്കിലും ജർമനിയിൽനിന്നാണെങ്കിലും പ്രജ്വലിനെ പ്രത്യേക അന്വേഷണസംഘം തിരിച്ചുകൊണ്ടുവരണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
അതേ സമയം പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ട്. അതിജീവിതയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചിൽ നടപടികൾ ഊർജിതമാക്കിയതായി പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി കാണിച്ച് വ്യാഴാഴ്ച രാത്രിയാണ് മൈസൂരുവിലെ കെ.പി. നഗർ പൊലീസ് സ്റ്റേഷനിൽ ഇരുപതുകാരൻ പരാതി നൽകിയത്. പ്രജ്വലിന്റെ പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയുടെ ആജ്ഞാനുവർത്തിയായ സതീഷ് ബബണ്ണ എന്നയാളാണ് അമ്മയെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ചെല്ലാനറിയിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അമ്മയെ ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് ദിനത്തിൽ അമ്മയെ ബബണ്ണ വീട്ടിൽ ഇറക്കിയതായും പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസിൽ പൊലീസ് അന്വേഷണത്തിനെത്തിയാൽ ഒന്നും പറയരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും മറിച്ച് പ്രവർത്തിച്ചാൽ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിനെത്തിയാൽ വിവരം തന്നെ ധരിപ്പിക്കണമെന്നും ബബണ്ണ പറഞ്ഞതായി യുവാവിന്റെ പരാതിയിൽ പറയുന്നു. ഏപ്രിൽ 29ന് ബബണ്ണ വീണ്ടും വീട്ടിലെത്തുകയും അതിജീവിതയെ ബലമായി മോട്ടോർസൈക്കിളിൽക്കയറ്റി കൊണ്ടുപോകുകയായിരുന്നു.
പ്രജ്വൽ രേവണ്ണ തന്റെ അമ്മയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന് തെളിയിക്കുന്ന വീഡിയോയെക്കുറിച്ച് മെയ് ഒന്നിനാണ് താനറിയാൻ ഇടയായതെന്നും യുവാവ് പറഞ്ഞു. താണുകേണപേക്ഷിച്ചിട്ടും പ്രജ്വൽ തന്റെ അമ്മയെ ബലാത്സംഗം ചെയ്തതായി തനിക്ക് വിവരം ലഭിച്ചതായി യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു. അമ്മയെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് ബബണ്ണയെ ഫോണിൽ ബന്ധപ്പെട്ടതായും എന്നാൽ പഴയൊരു അടിപിടിസംഭവത്തിൽ തന്റെ അമ്മ പ്രതിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ കൈവശമുണ്ടെന്നും ഇനി അമ്മയെ ജാമ്യത്തിലെടുക്കാനാണ് ബബണ്ണ പറഞ്ഞതെന്നും യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു.