ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെച്ചൊല്ലി കലഹിച്ച് ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് പാർട്ടിവിട്ട അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ഡൽഹിയിലെ ഒരു ലോക്‌സഭാ സീറ്റിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് രാജിവച്ചത്.

കോൺഗ്രസ് അരവിന്ദർ സിങ് ലവ്‌ലിയെ എംപിയും എംഎൽഎയും ആക്കിയിരുന്നെന്ന് ഡൽഹി പിസിസി ഇടക്കാല അധ്യക്ഷൻ ദേവേന്ദ്ര യാദവ് പ്രതികരിച്ചു. സ്വന്തം മകനെ പോലെയാണ് അരവിന്ദ് സിങ് ലവ്ലിയെ പരിഗണിച്ചത്. ലവ്‌ലിയെ പോലെയുള്ള ആളുകൾ അവരുടെ വ്യക്തിപരമായ താത്പര്യങ്ങൾക്ക് അനുസരിച്ച് പാർട്ടിയിൽ വരുകയും പോവുകയും ചെയ്യുന്നുവെന്നും ദേവേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

മുൻപ് 2017 ലും ലവ്‌ലി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് വലിയ സമൂഹമാണെന്നും ലവ്‌ലിയെ പോലെ നേതാക്കളുടെ വരവും പോക്കും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 മുതൽ 2015 വരെയും വീണ്ടും 2023 മുതൽ 2024 വരെയും അദ്ദേഹം ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. 1998-ൽ ഗാന്ധി നഗർ മണ്ഡലത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി ഡൽഹി നിയമസഭാ അംഗമായ അദ്ദേഹം മുൻപ് എംപിയുമായിരുന്നു.