- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻഷൻ കിട്ടിയില്ലെന്ന പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിവാദത്തിൽ. തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ടി. ജീവൻ റെഡ്ഡിയാണ് വയോധികയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അർമുർ നിയോജകമണ്ഡലത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മറ്റ് നേതാക്കൾക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു ജീവൻ റെഡ്ഡി. ഇതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയോട് ഇയാൾ സംസാരിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും തനിക്കിതുവരെ പെൻഷൻ കിട്ടിയില്ലെന്നും വയോധിക റെഡ്ഡിയോട് പറഞ്ഞു. മെയ് 13-ന് ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ 'പൂവിന്' വോട്ട് ചെയ്യുമെന്ന് വയോധിക പറഞ്ഞതാണ് റെഡ്ഡിയെ പ്രകോപിപ്പിച്ചത്. ഉടൻ ഇയാൾ വയോധികയുടെ മുഖത്തടിക്കുകയായിരുന്നു.
കേന്ദ്രത്തിൽ ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ജീവൻ റെഡ്ഡിയെ കേന്ദ്ര കൃഷി മന്ത്രിയാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ത് റെഡ്ഡി ഇക്കാര്യം പറഞ്ഞത്.
ജീവൻ റെഡ്ഡി വയോധികയുടെ മുഖത്തടിക്കുന്ന വീഡിയോ ഇതിനകം ബിജെപി. പ്രചാരണായുധമാക്കിയിട്ടുണ്ട്. നിരവധി ബിജെപി. നേതാക്കളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് കോൺഗ്രസിനെ വിമർശിക്കുന്നത്. ബിജെപിയിലെ ഡി. അരവിന്ദാണ് നിസാമാബാദിൽ ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർത്ഥി.