ഭോപ്പാൽ: മധ്യപ്രദേശിൽ മണൽ മാഫിയ പൊലീസുകാരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ശാഹ്ഡോലിലെ എഎസ്ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് മണൽക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോൺസ്റ്റബിൾമാർക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

മണലുമായി പോവുകയായിരുന്ന ട്രാക്ടർ ബാഗ്രി തടയാൻ ശ്രമിച്ചു. തുടർന്ന് ട്രാക്ടർ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശിൽ മണൽക്കടത്ത് വ്യാപകമാണ്. സോൻ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണൽ കടത്താറുള്ളത്. കഴിഞ്ഞവർഷം, ശാഹ്ദോളിൽ മണൽക്കടത്ത് തടയാൻ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടർ കയറ്റിക്കൊലപ്പെടുത്തിയിരുന്നു