ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ തേടി വാക്കത്തൺ സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി നേതാക്കൾ. ഡൽഹിയിൽ പഴയ രാജേന്ദ്രനഗറിലും കരോൾ ബാഗിലുമായാണ് ഞായറാഴ്ച ദീർഘദൂര നടത്തം സംഘടിപ്പിച്ചത്. 'ജയിലിനുള്ള മറുപടി വോട്ടിലൂടെ' എന്ന മുദ്രാവാക്യത്തിനൊപ്പം ബാനറിൽ കെജ്രിവാളിന്റെ ചിത്രവും പതിപ്പിച്ചാണ് അനുയായികൾ മാർച്ച് നടത്തിയത്.

രാജ്യസഭാംഗം സഞ്ജയ് സിങ്, ഡൽഹി സംസ്ഥാന കൺവീനർ ഗോപാൽ റായ്, ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, ലോക്‌സഭാ സ്ഥാനാർത്ഥി സോംനാഥ് ഭാരതി, തുടങ്ങി നിരവധി ആം ആദ്മി പാർട്ടി നേതാക്കൾ വാക്കത്തണിൽ പങ്കെടുത്തു.

കൃത്യമായ തെളിവുകളോ ഔപചാരിക ആരോപണങ്ങളോ ഇല്ലാതെ കെജ്രിവാളിനെ ജയിലിലടച്ചതിൽ ജനങ്ങൾ രോഷാകുലരാണെന്നും ഈ ജയിൽ ശിക്ഷക്ക് മെയ് 25 ന് അവർ വോട്ട് ചെയ്ത് മറുപടി നൽകുമെന്നും ഗോപാൽ റായ് പറഞ്ഞു.

വോട്ടിന്റെ ശക്തിയെ കുറിച്ചും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന്റ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുവാനുള്ള വാക്കത്തണിന്റെ പങ്കിനെ കുറിച്ച് ഡൽഹി എം.സി.ഡി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.