ഷില്ലോങ്: മേഘാലയയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് നോങ്തില്ലേ ഗ്രാമത്തിൽ ആൾക്കൂട്ടം രണ്ടുപേരെ മർദിച്ച് കൊലപ്പെടുത്തിയത്.

17കാരിയെ വീട്ടിൽക്കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടിയത്. ഇരുവരും വീട്ടിൽ അതിക്രമിച്ചുകയറി കത്തികൊണ്ട് പെൺകുട്ടിയെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.

പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇരുവരെയും പിടികൂടിയത്. പിന്നാലെ നാട്ടുകാരായ 1500-ഓളം പേർ തടിച്ചുകൂടി. തുടർന്ന് രണ്ടുപേരെയും നാട്ടുകാർ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മർദിച്ചെന്നാണ് പൊലീസ് പറയുന്നത്.

വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് സാമുദായിക നേതാക്കളുമായി പൊലീസ് ചർച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ വീണ്ടും മർദിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ രണ്ടുപേരെയും പൊലീസ് സംഘം പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.