ന്യൂഡൽഹി: രോഹിത് വെമുലയുടെ മരണത്തിൽ തെലങ്കാന സർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്. മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

രോഹിത് വെമുലയുടെ മരണം ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം പൂർണമായും തുറന്നുകാട്ടുന്ന കൊടും ക്രൂരതയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ഈ ദുഷ്‌കരമായ കാലഘട്ടത്തിൽ രോഹിത് വെമുലയുടെ കുടുംബത്തോടൊപ്പം നിന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

തെലങ്കാന പൊലീസ് വ്യക്തമാക്കിയതുപോലെ, ബന്ധപ്പെട്ട ക്ലോഷർ റിപോർട്ട് 2023 ജൂണിൽ തയ്യാറാക്കിയതാണെന്ന് വേണുഗോപാൽ പറഞ്ഞു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമ്പോൾ, കാമ്പസുകളിലെ ജാതി, വർഗീയ അതിക്രമങ്ങളുടെ പ്രശ്നം പ്രത്യേകമായി അഭിസംബോധന ചെയ്ത് രോഹിത് വെമുല നിയമം പാസാക്കും. സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്ന് വരുന്ന ഒരു വിദ്യാർത്ഥിക്കും ഇതേ ദുരവസ്ഥ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പരാമർശം. വീണ്ടും അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും രേവന്ത് റെഡ്ഡി അവർക്ക് ഉറപ്പ് നൽകി.

സർവകലാശാലയിൽ താൻ നേരിട്ടിരുന്ന ദലിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിത് വെമുല ആത്മഹത്യ ചെയ്തത്. താൻ അടക്കമുള്ള അഞ്ച് വിദ്യാർത്ഥികളുടെ സസ്‌പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.