- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളെ ഉപദ്രവിച്ച യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം ഉപദ്രവിച്ച യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഛത്തീസ്‌ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം. സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമെന്ന് സംശയം തോന്നിയ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് അമ്മയിലേക്കും സഹോദരനിലേക്കും പ്രായപൂർത്തിയാകാത്ത പെൺമക്കളിലേക്കും അന്വേഷണം എത്തിയത്.
സഞ്ജയ് സ്ഥിരം മദ്യപാനിയാണെന്നും പ്രായപൂർത്തിയാകാത്ത തന്റെ പെൺമക്കളെ ഇയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. സഞ്ജയ് ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കാറുണ്ടെന്നും സംഭവദിവസമായ മെയ് 1 ന് രാത്രി പെൺകുട്ടികളിലൊരാളെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അമ്മ പറഞ്ഞു.
രാത്രി എല്ലാവരും ഉറങ്ങിയതിന് പിന്നാലെ ഇയാൾ കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുയായിരുന്നു. വീട്ടുകാർ കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന് നോക്കിയപ്പോൾ ഇയാൾ കെട്ടിടത്തിലേക്ക് പെൺകുട്ടിയെ വലിച്ചുകൊണ്ടു പോകുന്നതു കണ്ടു. തുടർന്ന് അമ്മയും സഹോദരനും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.
ആദ്യം മൃതദേഹം ടോയ്ലറ്റിൽ ഒളിപ്പിക്കാൻ നോക്കിയെങ്കിലും ഇതിന് കഴിയാതെ വന്നതോടെ കയറ് കെട്ടി മരത്തിൽ തൂക്കുകയായിരുന്നുവെന്ന് അമ്മയും സഹോദരനും പറഞ്ഞു. അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്ത പൊലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ജുവനൈൽ ഹോമുകളിലേക്ക് കൊണ്ടുപോയി.